പത്തനംതിട്ട: കേരളമാകമാനം ശ്രദ്ധിക്കപ്പെട്ട തെരഞ്ഞെടുപ്പ് വിജയവുമായി അബിൻ വർക്കി കോടിയാട്ട്. ആറന്മുള നിയമസഭാ മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ വീണാ ജോർജിനെ കോൺഗ്രസിന്റെ യുവനേതാവ് അബിൻ വർക്കി പരാജയപ്പെടുത്തിയത് 18,985 വോട്ടുകൾക്ക്.
ഹാട്രിക് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ വീണാ ജോർജിന് അബിൻ വർക്കിയുടെ സ്ഥാനാർഥി പ്രഖ്യാപനം തിരിച്ചടിയായി മാറുകയായിരുന്നു. ജില്ലയിലെ നിയമസഭ മണ്ഡലങ്ങളിൽ നാലിലും സിറ്റിംഗ് എംഎൽഎമാർ തന്നെ ജനവിധി തേടുന്നുവെന്ന് മനസിലാക്കിയ യുഡിഎഫ് അവരെ നേടുന്നതിനായി മെനഞ്ഞ തന്ത്രങ്ങളുടെ ഭാഗമായാണ് എറണാകുളം ജില്ലയിലെ കോലഞ്ചേരി സ്വദേശിയായ അബിൻ വർക്കിയെ പത്തനംതിട്ടയിലെത്തിച്ചത്.
യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയെന്ന നിലയിൽ മാത്രം പത്തനംതിട്ടയുമായി ബന്ധമുണ്ടായിരുന്ന അബിൻ വർക്കിക്ക് മണ്ഡലത്തിൽ കാര്യമായ സ്വാധീനമുണ്ടായിരുന്നില്ല. എന്നാൽ അബിൻ സ്ഥാനാർഥിയാകുമെന്ന ശ്രുതി വി.ഡി. സതീശൻ നയിച്ച കേരളയാത്രയുടെ ഘട്ടം മുതൽ ജില്ലയിൽ സജീവമായി. വീണാ ജോർജിനെ നേരിടാനായി ജില്ലയ്ക്കു പുറമേ നിന്ന് ഒരു യുവ സ്ഥാനാർഥി എന്ന നിലയിലാണ് കെപിസിസിയും പരിഗണനാപട്ടിക തയാറാക്കിയത്. അബിന്റെ സ്ഥാനാർഥിത്വം ജില്ലയിലെ നേതാക്കളെ ചൊടിപ്പിച്ചെങ്കിലും മണ്ഡലത്തിന്റെ നിലവിലെ സാഹചര്യം കൂടി പരിഗണിച്ച് ഇതംഗീകരിക്കാൻ അവരും നിർബന്ധിതരായി.
പ്രചാരണരംഗത്ത് സമയപരിമിതി ഉണ്ടായെങ്കിലും വളരെവേഗം അബിൻ വർക്കി ആറന്മുളയിൽ കരുക്കൾ നീക്കി. ഉരുളയ്ക്ക് ഉപ്പേരി എന്ന പോലെ പ്രചാരണരംഗത്ത് ആരോഗ്യമന്ത്രിക്ക് ശക്തമായ വെല്ലുവിളിയായി മാറാൻ അദ്ദേഹത്തിന് അധികദിവസം വേണ്ടിവന്നില്ല. പൊതുചർച്ചകളിലും മാധ്യമ സമ്മേളനങ്ങളിലും തിളങ്ങി നിന്ന അബിൻ വോട്ടർമാർക്കിടയിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സ്വാധീനം നേടി. സംസ്ഥാന രാഷ്ട്രീയവും ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടുകളും മണ്ഡലത്തിലെ പൊതു വിഷയങ്ങളും ഒന്നുചേർന്നപ്പോൾ പ്രചാരണം കൊഴുത്തു. യുഡിഎഫ് അനുകൂല മണ്ഡലമെന്ന നിലയിൽ ശക്തനായ സ്ഥാനാർഥി കൂടി എത്തിയതോടെ ആറന്മുളയിൽ വിജയം അബിൻ വർക്കിക്ക് കൈപ്പിടിയിലായി.
വീണാ ജോർജിന്റെ വോട്ടിൽ വിള്ളൽ
സിപിഎം സ്ഥാനാർഥിയായി മത്സരിച്ച വീണാ ജോർജിന്റെ വോട്ടുകളിൽ വൻ നഷ്ടമാണുള്ളത്. 2021ൽ 74950 വോട്ടാണ് വീണാ ജോർജിന് ലഭിച്ചത്. ഇത്തവണ അത് 51,908 വോട്ടിലേക്കു ചുരുങ്ങി. 2016ലെ കന്നി അങ്കത്തിൽ വീണാ ജോർജിനു ലഭിച്ചത് 64,523 വോട്ടാണ്. ഇത്തവണ ഇതിൽ നിന്നെല്ലാം വോട്ടുകൾ ഗണ്യമായി കുറഞ്ഞത് സിപിഎമ്മിലും ചർച്ചയാകുകയാണ്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും ആറന്മുളയിൽ എൽഡിഎഫിനു ലീഡുണ്ടായില്ല. ഇരവിപേരൂർ പഞ്ചായത്തിലെ ബൂത്തുകളായിരുന്നു ആദ്യ റൗണ്ടിൽ എണ്ണിയത്. ഇതിലാകട്ടെ ഒരു ബൂത്തിൽ വീണയുടെ വോട്ട് പത്ത് മാത്രമായി. സിപിഎമ്മിന്റെ സ്വാധീന മേഖലകളിൽ പോലും വീണാ ജോർജിന് വോട്ട് ഉറപ്പിക്കാനായിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന.
സംഘാടക മികവിൽ നിയുക്ത എംഎൽഎ
എറണാകുളം ജില്ലയിലെഊരമന എന്ന ഗ്രാമത്തിൽ ഇടത്തരം കർഷക കുടുംബത്തിൽ ജനിച്ച അബിൻ വർക്കി കെഎസ് യുവിലൂടെയാണ് വിദ്യാർഥി രാഷ്ട്രീയ രംഗത്തേക്ക് എത്തുന്നത്.കോലഞ്ചേരി സെന്റ് പീറ്റേഴ്സ് സ്കൂൾ ലീഡറായാണ് തുടക്കം.തുടർന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്,കെഎസ്യു നിയോജക മണ്ഡലം പ്രസിഡന്റ്, കെപിസിസി ഐറ്റി സെൽ കോ-ഓർഡിനേറ്റർ,സംഘടനാ തെരഞ്ഞെടുപ്പിലൂടെ എൻഎസ് യു ദേശീയ സമിതി അംഗം, എൻഎസ് യു ദേശീയ സെക്രട്ടറി ,യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, സംഘടനാ തെരഞ്ഞെടുപ്പിലൂടെ ഏറ്റവും കൂടുതൽ വോട്ട് നേടിയ വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ച അബിൻ നിലവിൽ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയും കെപിസിസി വക്താവുമാണ്. മദ്രാസ് ഐഐടിയിലെ മലയളി വിദ്യാർഥി ഫാത്തിമ ലത്തീഫിന്റെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധ സമരങ്ങളെ എൻഎസ് യു ദേശീയ സെക്രട്ടറി എന്ന നിലയിൽ മുന്നിൽ നിന്ന് നയിച്ചത് ദേശീയ തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടു.
കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അദ്ദേഹം ന്യായ് അഡ്വക്കേറ്റ്സ് ആൻഡ് സോളിസിറ്റേഴ്സ് എന്ന അഭിഭാഷക ഓഫീസിന്റെ പാർട്ണർ കൂടിയാണ്. ശ്രീനാരായണ ഗുരുകുലം കോളേജ് ഓഫ് എൻജിനിയറിംഗിൽ നിന്ന് സിവിൽ എൻജിനിയറിംഗിൽ ബിരുദവും, തിരുവനന്തപുരം ലോ അക്കാദമി ലോ കോളജിൽ നിന്ന് നിയമബിരുദവും നേടിയിട്ടുണ്ട്.
കർഷക കുടുംബമായ കോടിയാട്ട് കെ.വി. വർക്കിയുടെ മകനാണ്. മാതാവ്: അല്ലി വർക്കി. ഭാര്യ: അഡ്വ.ഗീതു പണ്ടാരക്കളം. മകൾ: റിദ്ധി വർക്കി കോടിയാട്ട്
വോട്ടുനിലവോട്ടുനില
ആറന്മുള അബിൻ വർക്കി (യുഡിഎഫ്) - 70,083വീണാ ജോർജ് (എൽഡിഎഫ്) - 51,098കുമ്മനം രാജശേഖരൻ (ബിജെപി) - 34,983വി.ആർ. പ്രഭാകരൻ ണ്ട(ബിഎസ്പി) - 347എസ്. രാധാമണി (എസ് യുസിഐ) - 229ഓമല്ലൂർ രാമചന്ദ്രൻ ( എപിഐ) - 95നോട്ട - 615